കേരളീയം 2023 ന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി നവംബര്‍ 1 മുതല്‍ 7 വരെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സംഘടിപ്പിച്ച മാരിവില്ല് പരിപാടി സമാപിച്ചു. സമാപന പരിപാടി ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ ഉദ്ഘാടനം ചെയ്തു. ഭാഷ, സംസ്ക്കാരം, പൈതൃകം എന്നിവ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് ഇത്തരം പരിപാടികൊണ്ട് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു
ചരിത്രരചനയും നാട്ടുമൊഴിവഴക്കങ്ങളും (ഡോ. ദീപു പി.കുറുപ്പ് ) തനതുനാടകവേദി (ഡോ.രാജാവാര്യര്‍), മലയാള ചലച്ചിത്രഗാനങ്ങള്‍ അന്നും ഇന്നും (ശ്രീ.ടി.പി.ശാസ്തമംഗലം) നല്ല മലയാളം (ഡോ.വിളക്കുടി രാജേന്ദ്രന്‍) , എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. ഡോ. അച്ചുത് ശങ്കര്‍ എസ് നായര്‍ കേരള സംഗീത സല്ലാപവും ശ്രീ താമരക്കുടി ഹരികുമാറും സംഘവും കാക്കാരിശ്ശി നാടകവും പ്രൊഫ.എന്‍.കൃഷ്ണപിളള ഫൗണ്ടേഷന്‍ കുട്ടികളുടെ നാടകവും ശ്രീ പാനിച്ചല്‍ ജയകുമാറും സംഘവും തോറ്റം പാട്ടും അഗസ്ത്യ കളരിസംഘം കളരിപയറ്റും അവതരിപ്പിച്ചു. ഫ്രാസ് അംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഇ. എം. സി. ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. എ. എന്‍. ദിനേഷ് കുമാര്‍ ആദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങിന് ഊര്‍ജ്ജകാര്യക്ഷമതാവിഭാഗം മേധാവി ശ്രീ. ജോണ്‍സണ്‍ ഡാനിയേല്‍ സ്വാഗതം പറഞ്ഞു. പി. ആര്‍. ഒ. ബീന. ടി. എ. പരിപാടികളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീ. ബാബു വട്ടപ്പറമ്പില്‍, ശ്രീമതി മിനികുമാരി എന്നിവര്‍ ചടങ്ങിന് ആശംസ നേരുകയും ശ്രീ. അനൂപ് സുരന്ദേന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഇ.എം.സി ഭരണഭാഷാ പ്രോത്സാഹനസമിതിയുടെ നേതൃത്തില്‍ ഫ്രാസ്, പ്രൊഫ എന്‍ കൃഷ്ണപിളള ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്