2024ലെ ദേശീയ ഊർജ സംരക്ഷണ അവാർഡ് – രണ്ടാം സ്ഥാനം കേരളത്തിന്
തിരുവനന്തപുരം:2024 ലെ നാഷണൽ എനർജി കൺസർവേഷൻ അവാർ (NECA) ഡി ലെ സംസ്ഥാന ഊർജ കാര്യക്ഷമത പെർഫോമൻസ് അവാർഡ് കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ ഊർജ കാര്യക്ഷമത സൂചികയിൽ ഗ്രൂപ്പ് രണ്ട് വിഭാഗത്തിലാണ് കേരളത്തിന് പുരസ്കാരം ലഭിച്ചത്. കാർഷിക രംഗം, വൈദ്യുത വിതരണരംഗം, ഗതാഗതം, വ്യവസായികരംഗം, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല എന്നീ വിഭാഗങ്ങളിൽ ഊർജ്ജ കാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും, ഈ മേഖലയിലെ ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ ഇതര സ്ഥാപങ്ങളുടെ ധന സഹായത്തോടെ നടത്തിവരുന്ന പദ്ധതികളും പ്രവർത്തനങ്ങളും കണക്കിലെടുത്താണ് കേരളത്തിന് പുരസ്കാരം ലഭിച്ചത്. വൈദ്യുതി മന്ത്രാലയം നൽകുന്ന ഈ അവാർഡ് ഊർജ സംരക്ഷണ മേഖലയിൽ സംസ്ഥാനം നടപ്പിലാക്കുന്ന മാതൃകാപരമായ പദ്ധതികൾക്കുള്ള അംഗീകാരം കൂടിയാണ്.
ദേശീയ ഊർജ സംരക്ഷണ ദിനമായ ഡിസംബർ 14 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. ഇന്ത്യൻ വൈസ് പ്രസിഡന്റ് ശ്രീ ജഗ്ദീപ് ധൻഖർ മുഖ്യാതിഥിയായിരുന്ന വേദിയിൽ, സംസ്ഥാനത്തിനുവേണ്ടി എനർജി മാനേജ്മെന്റ് സെന്റർ കേരള ഡയറക്ടർ ഡോ.ആർ.ഹരികുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. വൈദ്യുതി, പുനരുപയോഗ ഊർജം എന്നിവയുടെ സഹമന്ത്രി ശ്രീ. ശ്രീപദ് യെസ്സോ നായിക് ,വൈദ്യുതി മന്ത്രാലയം സെക്രട്ടറി ശ്രീ.പങ്കജ് അഗർവാൾ; BEE ഡയറക്ടർ ജനറൽ; വൈദ്യുതി മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീകാന്ത് നാഗുലാപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മികച്ചതും നൂതനവുമായ ഊർജ സംരക്ഷണ പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം വിദ്യാർത്ഥികൾ അധ്യാപകർ പൊതുജനങ്ങൾ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായി ഊർജ സംരക്ഷണ അവബോധ പരിപാടികളും എനർജി മാനേജ്മെന്റ് സെന്റർ സംഘടിപ്പിക്കുന്നു. കൂടാതെ വിവിധ ഊർജ സംരക്ഷണ മാതൃകകൾ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.